Banner Ads

കടുത്ത ചൂടിൽ ഉരുകി കേരളം; ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നും ഭാഗിക പവർകട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി.

പവർകട്ടിനെതിരെ ജനങ്ങളുടെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് നിയന്ത്രണത്തിന് ബോർഡ് വീണ്ടും ഒരുങ്ങുന്നത്. എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർദ്ധനവുമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

രാജ്യമൊട്ടാകെ വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ച് വഴി അധികമായി വൈദ്യുതി വിലയ്ക്ക് വാങ്ങാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ അളവിൽ ലഭിക്കുന്നില്ല.

പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിൽ കാര്യമായ കുറവ് നേരിട്ടാൽ ഇന്ന് വൈകുന്നേരങ്ങളിൽ വിവിധയിടങ്ങളിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.