
ദില്ലി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുൻ സിഡബ്ല്യുസി ചീഫ് എഞ്ചിനീയറായ ടി കെ ശിവരാജനെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയത്.
പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ എംഎൽ ശർമ്മയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ടികെ ശിവരാജനെ ലഭ്യമാകുന്നില്ലെന്നും അതിനാൽ അദ്ദേഹം ഒഴിഞ്ഞതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
എന്നാൽ കേരള പ്രതിനിധിയെ ഏകപക്ഷീയമായാണ് മാറ്റിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഐഐടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രൊഫ എം എൽ ശർമ്മ.
2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6നാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനയ്ക്കായി അതോറിറ്റി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. ബൽരാജ് ജോഷി ചെയർമാനായ സമിതിയിൽ ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ ശിവകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
അംഗങ്ങളുടെ മാറ്റം ഒഴികെ ജനുവരി 6ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലോ വ്യവസ്ഥകളിലോ മാറ്റമില്ലെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറി.