
ദില്ലി : മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ കേരളത്തെ പ്രതിനിധീകരിക്കാൻ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. സുപ്രീം കോടതിയിലും വിവിധ ട്രിബ്യൂണലുകളിലും സംസ്ഥാനത്തിന് വേണ്ടി റോയ് എബ്രഹാം ഹാജരാകും.
മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമായിരിക്കും കേസുകൾ കൈകാര്യം ചെയ്യുക. 1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഈ കേസുകളിൽ ഹാജരായിരുന്ന മുൻ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ ജി പ്രകാശിന് പകരമാണ് പുതിയ നിയമനം എന്നാണ് സൂചന. എന്നാൽ ജി പ്രകാശിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ല.