പുല്‍പ്പള്ളി: പുൽപ്പള്ളി: വയനാട്ടിൽ വനപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികന് മുന്നിൽ കാട്ടാനയെത്തി. തലനാരിഴയ്ക്കാണ് ഇദ്ദേഹം ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചേകാടി-വിലങ്ങാടി വനഭാഗത്തെ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പുൽപ്പള്ളി പാളക്കൊല്ലി സ്വദേശി ജോസ് (52) ആണ് അപകടത്തിൽപ്പെട്ടത്. ആനയെ കണ്ടതും ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടെയാണ് ഇയാൾക്ക് വീണ് പരിക്കേറ്റത്. ജോസിനെ ഉടൻതന്നെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ചേകാടി മേഖലയിൽ വനത്തിലൂടെയും വനത്തിന് സമീപത്തുകൂടിയുമുള്ള റോഡുകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണ്. മുൻപും ഈ പ്രദേശങ്ങളിൽ വാഹനയാത്രക്കാർക്ക് നേരെ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.