
കർക്കിടക വാവ് ബലിതർപ്പണം 2025 ജൂലൈ 24-ന് (1200 കർക്കിടകം 8) വ്യാഴാഴ്ച രാവിലെ 11:30 മുതൽ കെന്റിലെ മെഡ്‌വേ നദിയുടെ തീരത്ത് നടക്കും. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള റോച്ചെസ്റ്ററിലെ മെഡ്‌വേ നദിതീരത്താണ് ഈ പുണ്യകർമ്മം നടക്കുന്നത്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ, ക്ഷേത്ര മേൽശാന്തി ശ്രീ. അഭിജിത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ പരമ്പരാഗത രീതിയിലായിരിക്കും ബലിതർപ്പണം. ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും സൗകര്യമുണ്ടാകും.
പൂജാരി വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ കാർമ്മികത്വത്തിലാണ് തിലഹവനം നടക്കുക. പൂജാരി താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകളും ഉണ്ടായിരിക്കും. ബലിതർപ്പണത്തിന് ശേഷം ഭക്തർക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താനും വഴിപാടുകൾ അർപ്പിക്കാനും അവസരം ലഭിക്കും.