
കൊച്ചി : കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. രണ്ടാം പ്രതി അമ്മു (ശരണ്യ), നാലാം പ്രതി ജിതിൻ എന്നിവരെ വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ശരണ്യയെയും ജിതിനെയും പോലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിലാണ് വയനാട്ടിൽ നിന്നും പിടികൂടിയത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജർ തസ്തികയിൽ ഒഴിവുണ്ടെന്ന് കാണിച്ച് പ്രതികൾ നൽകിയ ഓൺലൈൻ പരസ്യം കണ്ടാണ് യുവതി ജോലിക്ക് അപേക്ഷിച്ചത്.
ഒക്ടോബർ 2ന് രാവിലെ അഭിമുഖത്തിന് എത്തിയ യുവതിയോട് ജോലി ലഭിച്ചെന്നും വൈകിട്ട് പാർട്ടിയുണ്ടെന്നും പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറായ ഭർത്താവ് ജോലിക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതികളുടെ വിളി.
സ്പായിൽ ശരണ്യയെന്ന സ്ത്രീ കൂടിയുണ്ടെന്ന ധൈര്യത്തിലാണ് യുവതി വൈകിട്ട് അവിടെയെത്തിയത്. എന്നാൽ യുവതിയെ അവിടെയുള്ളവർ ചേർന്ന് അതിക്രൂരമായി ഉപദ്രവിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.