
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്ത് നൽകിയത്.
കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്കും കത്ത് കൈമാറിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള കുറ്റവാളികൾക്ക് നിലവിലെ നിയമം പലവിധ സംരക്ഷണങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്നവരോട് വേണ്ടത്ര നീതി പുലർത്തുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഇരകളുടെ ദുരിതവും വികാരങ്ങളും മാനിക്കപ്പെടണം. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ നിയമം പുനപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ശ്രീകാര്യത്ത് 17 വയസ്സുകാരന്റെ കൊലപാതകത്തിൽ 17 കാരൻ പ്രതിയായ സംഭവവും എറണാകുളത്തെ വാഹന അപകടങ്ങളിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ജെ ജെ ആക്ടിന്റെ സംരക്ഷണം ലഭിച്ചുവെന്ന പൊതുസമൂഹത്തിലെ ആക്ഷേപങ്ങളും ചർച്ചയായിരുന്നു.
പ്രതികളുടെ പ്രായപരിധിയിൽ നിയമനിർമ്മാണ സഭകൾ പുനപരിശോധന നടത്തേണ്ടതല്ലേയെന്ന് ഹൈക്കോടതിയും ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നീക്കം.