
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന സി.ജെ.പി സമരത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് ദില്ലിയിലെത്തിയ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും സമ്മതിക്കാതെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
അഭിജീത് ദീപ്കേയോടൊപ്പം വിമാനത്തിലുണ്ടായിരുന്ന സി.ജെ.പി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് ഇവരെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
“വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും പോലീസ് അനുവദിച്ചില്ല.”
അഭിജീത് ദീപ്കേ
അറസ്റ്റ് ഭയന്ന് സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ദീപ്കേ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ധ്രുവ് രാഠി, രത്നസിംഗ് എന്നിവരെയും പോലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജന്തർ മന്തറിലെ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ദില്ലിയിൽ പോലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.