Banner Ads

പറ്റിയത് വലിയ തെറ്റ്, ഇനി ആവർത്തിക്കില്ല: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പ്രതികരിച്ച് അശ്വന്ത് കോക്ക്

കോഴിക്കോട് : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പൊലീസ് കസ്റ്റഡിയിലായ സംഭവത്തിൽ പ്രതികരണവുമായി ഫിലിം റിവ്യൂവറും യൂട്യൂബറുമായ അശ്വന്ത് കോക്ക്. മദ്യപിച്ച് വാഹനമോടിച്ചത് താൻ ചെയ്ത വലിയ തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്നും ഇനി ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു പ്രവർത്തി ആവർത്തിക്കില്ലെന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ അശ്വന്ത് വ്യക്തമാക്കി.

കോഴിക്കോട് നടക്കാവിൽ വെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്നാണ് നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തത്. ജയിലർ 2 ട്രെയിലർ റെസ്‌പോൺസ് വീഡിയോയുടെ തുടക്കത്തിലാണ് തനിക്കെതിരെയുണ്ടായ ആരോപണങ്ങളിലും കേസിലും അശ്വന്ത് നിലപാട് വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചത് വലിയ തെറ്റാണ്.

അത് ഞാൻ അംഗീകരിക്കുന്നു. മനുഷ്യർക്ക് തെറ്റുപറ്റാം. പെൻസിലിന്റെ പുറകിൽ റബ്ബർ വച്ചിരിക്കുന്നത് എഴുതുമ്പോൾ തെറ്റും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എനിക്ക് അതിന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മദ്യപിച്ച് വണ്ടിയോടിക്കാൻ പാടില്ലായിരുന്നു. എന്നാൽ ഇനി ഒരിക്കലും എന്നെ ഇത്തരമൊരു അവസ്ഥയിൽ കാണാൻ സാധിക്കില്ല. കേരള പൊലീസിന് ഇനി അതിനൊരു അവസരം ഞാൻ നൽകില്ല. ജീവിതത്തിൽ നിയമവിരുദ്ധമായി ഞാൻ ചെയ്ത ഒരേയൊരു കാര്യം ഇതാണ്.

മുൻപ് പൊതുസ്ഥലത്ത് പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഇത് മറ്റാർക്കും വേണ്ടിയല്ല. എന്നോട് തന്നെ ഞാൻ നടത്തുന്ന സത്യസന്ധമായ ഉറപ്പാണ്. തന്റെ പുതിയ വീഡിയോകൾ കാണില്ലെന്ന് ചിലർ പറയുന്നത് സ്വാഭാവികമാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അശ്വന്ത് കൂട്ടിച്ചേർത്തു.