
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം തെക്കൻ ജില്ലകളിൽ നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
നാളെ മുതൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് നിലവിലെ മഴയെ സ്വാധീനിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.