Banner Ads

വിജയ്‌യുടേത് സിനിമാറ്റിക് ദാരിദ്ര്യമോ? മുഖ്യമന്ത്രിയുടെ ബാല്യകാല കഥകളെ പൊളിച്ചടുക്കി സഹപാഠി

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും പറയുന്ന കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ വെറും നാടകമാണെന്ന ആരോപണവുമായി സഹപാഠിയായ മനു ജോസഫ് രംഗത്ത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനു ജോസഫാണ് വിജയ് നടത്തിയ ദാരിദ്ര്യം സംബന്ധിയായ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.

മൂന്നാം ക്ലാസിൽ വിജയ് തന്റെ സഹപാഠിയായിരുന്നുവെന്നും സിനിമാ മേഖല ലക്ഷ്യമിട്ട് അച്ഛൻ ചന്ദ്രശേഖർ സകല സൗകര്യങ്ങളോടും കൂടിയാണ് വിജയ്‌യെ വളർത്തിയതെന്നും മനു ജോസഫ് ആരോപിച്ചു. സിനിമാ നിർമ്മാതാക്കൾ നേരിടുന്ന സാമ്പത്തിക ഞെരുക്കമോ കടബാധ്യതയോ ഉണ്ടാകാം. എന്നാൽ ഇതിനെ തമിഴ്നാട്ടിലെ സാധാരണക്കാരുടെ ദാരിദ്ര്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.

സ്വാധീനമുള്ളവർ കടത്തിലാകുന്നതും ദാരിദ്ര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തിൽ എത്തുമ്പോൾ ജനങ്ങളുടെ അനുതാപം പിടിച്ചുപറ്റാൻ ഇത്തരം ദാരിദ്ര്യ കഥകൾ ചമയ്ക്കുന്നത് ശരിയല്ലെന്നുള്ള വിമർശനത്തോടെയാണ് പരാമർശം. മനു ജോസഫിന്റെ എക്‌സിലെ കുറിപ്പിന് നാലര ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചത്.

വിജയ്‌യുടെ ആരാധകർ ഈ ആരോപണത്തെ തള്ളിക്കളയുമ്പോൾ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾ വിജയ്‌യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. വിഷയത്തിൽ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.