
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻസുരക്ഷാ വീഴ്ച കെട്ടിടത്തിൽ നിന്ന് കമ്പി വീണ് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. ട്രെയിനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനിടിയിലായിരുന്നു അപകടം സംഭവിച്ചത്.നീരാവിൽ സ്വദേശി സുധീഷിനും (40) വട്ടിയൂർക്കാവ് സ്വദേശിയും അദ്ധ്യാപികയുമായ ആശയ്ക്കുമാണ് (52) പരിക്കേറ്റത്.
ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാർക്കിംഗ് കെട്ടിടത്തിന് മുകളിൽ നിന്ന് കമ്ബി തലയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. മൂന്നാം നിലയിൽ നിന്ന് രണ്ട് കമ്ബികളാണ് താഴേക്ക് വീണത്.
റെയിൽവേ സ്റ്റേഷനിലെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം. കമ്ബി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയിൽ നിന്ന് കമ്ബി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.