
കൊച്ചി : ഹൈക്കോടതി പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിനും യുഡിഎഫിനുമുള്ളിൽ ഭിന്നത രൂക്ഷം. തിരുവനന്തപുരം ലോ കോളേജിലെ മുൻ എസ്എഫ്ഐ സജീവ പ്രവർത്തകയെ പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്‌യു രംഗത്തെത്തി.
വ്യാഴാഴ്ച പ്ലീഡറായി ചുമതലയേറ്റ ജയോണ തോമസിനെതിരെയാണ് കെഎസ്‌യു പരാതി ഉന്നയിച്ചിരിക്കുന്നത്. ജയോണ തോമസ് 2015 മുതൽ 2019 വരെയുള്ള കാലയളവിൽ ലോ കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കെഎസ്‌യു തീരുമാനം.
അന്നത്തെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പെടെ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. യുഡിഎഫുകാരല്ലാത്തവരെ ഗവൺമെന്റ് പ്ലീഡർമാരാക്കി നിയമിച്ച നടപടി പിൻവലിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.