
കണ്ണൂർ : ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി താരവും ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾകീപ്പറുമായ ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയാണ്.
ഇന്ത്യൻ ഹോക്കി ടൈഗർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാനുവൽ ഫ്രെഡറിക് മലയാളക്കരയ്ക്ക് അഭിമാനമായി മാറിയ ഹോക്കി താരമാണ്. 1972-ൽ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു അദ്ദേഹം. ഹോളണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
1971-ലാണ് അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഏഴ് വർഷം ഇന്ത്യൻ ജേഴ്സിയണിഞ്ഞു. രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനുവൽ ഫ്രെഡറിക് 16 ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന അതുല്യ ബഹുമതിക്ക് ഉടമയാണ്. ഇന്ത്യൻ കായിക ലോകത്തിന് വലിയ നഷ്ടമാണ് മാനുവൽ ഫ്രെഡറിക്കിന്റെ വിയോഗം.