Banner Ads

സമരപ്പന്തൽ പൊളിച്ചുമാറ്റിയ സംഭവം: വി ഡി സതീശനും മന്ത്രിസഭയ്ക്കും ജനാധിപത്യ കേരളം മാപ്പു നൽകില്ലെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി

തിരുവനന്തപുരം : എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി. സമരക്കാർക്കെതിരെ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്നും വി ഡി സതീശനും മന്ത്രിസഭയ്ക്കും ജനാധിപത്യ കേരളം ഒരിക്കലും മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ സ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകമാണ്. തൊട്ടടുത്ത് ഭരണസിരാകേന്ദ്രത്തിൽ പ്രധാനപ്പെട്ട എല്ലാവരും ഉണ്ടായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.

സമരക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് മാത്രമല്ല സമരത്തെ അടിച്ചമർത്താൻ കള്ളക്കേസുകൾ ചുമത്തുകയാണെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി. പൊതുനടവഴിക്ക് യാതൊരു തടസ്സവുമുണ്ടാക്കാതെ സമാധാനപരമായി നടത്തിയ സമരത്തെയാണ് പോലീസ് ഇല്ലാതാക്കാൻ ശ്രമിച്ചത്.

ഗാന്ധിഭക്തന്മാരും നെഹ്റു ഭക്തന്മാരുമാണെന്നാണ് ഇവരൊക്കെ അവകാശപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇരുവരും മനസ്സിലാക്കണം.

ഇൻഡ്യ സഖ്യം മുഴുവൻ രാജ്യവ്യാപകമായി സമരരംഗത്തിറങ്ങിയിരിക്കുമ്പോഴാണ് ന്യായമായ ഒരു സമരത്തെ കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചമർത്തുന്നത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെയും കെസി വേണുഗോപാലിന്റെയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.