
കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ച ദാരുണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് കഴിഞ്ഞ ഒക്ടോബർ 12-ന് നടന്ന അപകടത്തിൽ ദാരുണമായി മരിച്ചത്.
ഹൗസ് ബോട്ട് അധികൃതരുടെ കടുത്ത അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. ബോട്ടിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും, ലൈസൻസില്ലാതെ സർവീസ് നടത്തിയ ബോട്ടിനെതിരെ മുൻപ് പരാതി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം കടുത്ത ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ, ജില്ലാ റൂറല്‍ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിൽ (DTPC) സെക്രട്ടറി എന്നിവരോട് ബാലാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്