
കോഴിക്കോട് : അനധികൃത മത്സ്യബന്ധനം നടത്തിയതിന് ജില്ലയിലെ വിവിധ ഹാർബറുകളിൽ നിന്ന് എട്ട് യാനങ്ങൾ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. 1,55,000 രൂപ പിഴയും ഈടാക്കി. മാർക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വിൽപന വ്യാപകമാണെന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യാനങ്ങൾ പിടികൂടിയത്.
നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഒരു തവണയിൽ കൂടുതൽ ഒരേ രീതിയിലുള്ള നിയമലംഘനം നടത്തുന്ന യാനങ്ങളുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കാനും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് അസി. ഡയറക്ടർക്കും മറൈൻ എൻഫോഴ്സ്മെന്റ് വിങ് അധികൃതർക്കും കർശന നിർദേശം നൽകി.