
ബെംഗളൂരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത നിലപാടുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.
പ്രതിഷേധമുയർത്തുന്ന നേതാക്കളുമായി ആദ്യം അനുനയ ചർച്ചകൾ നടത്തണമെന്നും, അതിന് വഴങ്ങാൻ തയ്യാറാകാത്ത പക്ഷം വിട്ടുവീഴ്ചകൾക്ക് നിൽക്കാതെ അവരുടെ രാജി സ്വീകരിക്കണമെന്നുമാണ് രാഹുലിന്റെ നിർദ്ദേശം. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും മുതിർന്ന നേതാവ് സിദ്ധരാമയ്യയ്ക്കുമാണ് രാഹുൽ നിർദ്ദേശം നൽകിയത്.
മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയുടെ കാര്യത്തിൽ പാർട്ടിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഡി കെ ശിവകുമാർ റെഡ്ഡിയുമായി ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കരുതെന്നാണ് ഡികെയുടെ ഉപദേശം.
അനുനയത്തിന് വഴങ്ങിയില്ലെങ്കിൽ ബെംഗളൂരു നഗര വികസന വകുപ്പ് തന്നെ നൽകുന്നത് ആലോചിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഹൈക്കമാൻഡ് അനുമതി നൽകിയാൽ റെഡ്ഡിക്ക് ഇഷ്ടമുള്ള വകുപ്പ് ലഭിക്കും. അല്ലാത്തപക്ഷം മറ്റേതെങ്കിലും വകുപ്പ് നൽകാനും ആലോചനയുണ്ട്.