Banner Ads

ഞാൻ പോയത് ഭക്തനായല്ല, ചരിത്രകാരനായി; സംഘപരിവാർ പ്രചാരണങ്ങൾക്ക് പി ജയരാജന്റെ മറുപടി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാൻ ശ്രമിച്ച ജനം ടിവിക്കും സംഘപരിവാർ അനുകൂലികൾക്കും മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ. താൻ കൊടുങ്ങല്ലൂർ കാവിൽ പോയത് ഒരു ഭക്തൻ ആയതുകൊണ്ടല്ലെന്നും തന്റെ പുതിയ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട പഠനത്തിനാണെന്നും ജയരാജൻ വിശദീകരിച്ചു. ചിന്ത പബ്ലിഷേഴ്സ് ഈ മാസം അവസാനം പുറത്തിറക്കുന്ന സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്ന് അദ്ദേഹം അറിയിച്ചു.

ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചുള്ള അധ്യായത്തിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂർ കാവ് സന്ദർശിച്ചത്. കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവയുടെ ചരിത്ര-സാംസ്കാരിക പശ്ചാത്തലം നേരിട്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.

വിടി ഇന്ദുചൂഡന്റെ ‘Secret Chamber’ എന്ന പുസ്തകത്തിൽ പറയുന്ന രഹസ്യ അറയെക്കുറിച്ചുള്ള ചരിത്രപരമായ കൗതുകങ്ങളും സന്ദർശനത്തിന് കാരണമായി. സമൂഹത്തെ അതിന്റെ സങ്കീർണ്ണതകളോടു കൂടി മനസ്സിലാക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതി. കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല. അജ്മീർ ദർഗയിലും സുവർണ്ണ ക്ഷേത്രത്തിലും നിരവധി പള്ളികളിലും ഞാൻ പോയിട്ടുണ്ട്. അതൊന്നും ഭക്തി പ്രകടനമല്ല. മറിച്ച് ചരിത്രത്തെയും ജനവിശ്വാസങ്ങളെയും പഠിക്കാനുള്ള അവസരങ്ങളാണെന്നും പി ജയരാജൻ വ്യക്തമാക്കി.

ഭക്തിയെയും ആരാധനാലയങ്ങളെയും ആർഎസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സന്ദർശനത്തെ ഭക്തന്റെ മനംമാറ്റം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.