Banner Ads

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന; മൊത്തവില്പനക്കാരൻ പിടിയിലായത് വൻ വേട്ട

പാലക്കാട്:അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് മൊത്ത വില്പന നടത്തുന്ന ആൾ പിടിയിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ 52 കാരൻ ഗോപകുമാർ ആണ് പിടിയിലായത്. വടക്കഞ്ചേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തുന്നതോടൊപ്പം കഞ്ചാവും എത്തിക്കുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കിഴക്കഞ്ചേരി നൈനാങ്കാട് വാടകവീട്ടിൽ പതിമൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ പിടിയിലാവുന്നത്. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് അന്ന് കിഴക്കഞ്ചേരി സ്വദേശി സുന്ദരൻ എന്നയാൾ പിടിയിലായിരുന്നു. കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച സുന്ദരന്റെ മകളുടെ ഭർത്താവിന്റെ അമ്മയും, അണക്കെപ്പാറ സ്വദേശിനിയുമായ സ്വപ്നയേയും പോലീസ് പിടികൂടിയിരുന്നു. ഇവർ രണ്ടുപേരും ഇപ്പോൾ റിമാൻഡിൽ ആണ്.

സ്വപ്നയ്ക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ പിടിയിലാവുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇയാളുടെ ലോറിയിൽ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വടക്കഞ്ചേരി, ആലത്തൂർ,മുടപ്പല്ലൂർ, മംഗലം ഡാം, നെന്മാറ എന്നീ മേഖലകളിൽ വിൽപ്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് പതിവ്.

ഇയാളെ പിടികൂടിയതോടെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ കഞ്ചാവ് കൈമാറുന്ന ആളുകളെ പറ്റി പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. ഡിവൈഎസ്പി മാരായ മുരളീധരൻ, അബ്ദുൽ മുനീർ, ഗോപകുമാർ, വടക്കഞ്ചേരി സിഐ കെ പി ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.