
മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. നഗരത്തിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമംഗളൂരു സ്വദേശിനിയായ നിരീക്ഷ(26)യെ ആണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയിലുണ്ട്. മംഗളൂരുവിലെ എക്സ്റേ ടെക്നീഷ്യനായിരുന്ന ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
കൂടാതെ, നിരവധി യുവാക്കളിൽനിന്ന് ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫോൺ രേഖകളുൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.