
മസ്കറ്റ് : 55-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒമാൻ. ആഘോഷച്ചടങ്ങുകൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് നേതൃത്വം നൽകും. മുൻ വർഷങ്ങളിൽ നവംബർ 18 ആയിരുന്നു ദേശീയ ദിനമായി ആചരിച്ചിരുന്നത്.
എന്നാൽ ബുസെെദി രാജവംശം ഒമാനിൽ ഭരണമേറ്റ തീയതിയെ സൂചിപ്പിക്കുന്നതിനായി നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തീരുമാനിക്കുകയായിരുന്നു. മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ അധ്യക്ഷത വഹിക്കും.
ഇതോടെ ദേശീയ ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. വെള്ളിയാഴ്ച വൈകീട്ട് ഖുറം ബീച്ചിൽ നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ നാവികസേനാ റിവ്യൂവിനും സുൽത്താൻ നേതൃത്വം നൽകും. ഒമാന്റെ നാവിക കരുത്തും ജിസിസി രാജ്യങ്ങളുമായുള്ള സഹകരണവും വിളിച്ചോതി 41 കപ്പലുകൾ ഈ പ്രദർശനത്തിന്റെ ഭാഗമാകും. പൊതുജനങ്ങൾക്ക് വൈകീട്ട് 4 മുതൽ 10 വരെ ഈ പ്രദർശനം കാണാം.