ഛത്തീസ്ഗണ്ഡിലെ കോർബ ജില്ലയിലാണ് സംഭവം. മദ്യപിക്കാനായി 500 രൂപയാണ് കോർബ ജില്ലയിലെ ദാദർ സ്വദേശി 26 കാരനായ കരണ്‍ എന്ന യുവാവ് തൻറെ ഭാര്യയോട് ആവശ്യപ്പെട്ടത്. ഭാര്യ പണം തരില്ലെന്ന് പറഞ്ഞതോടെയാണ് 60 അടി ഉയരമുള്ള ഹൈവോള്‍ട്ടേജ് വൈദ്യുത പോസ്റ്റിന്റെ മുകളില്‍ ഇയാള്‍ വലിഞ്ഞു കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.
പ്രദേശവാസികള്‍ ഉടൻതന്നെ മണിക്പൂർ പോലീസ് ഔട്ട് പോസ്റ്റില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഔട്ട് പോസ്റ്റ് ഇൻ ചാർജായ നവീൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തുകയും യുവാവിനെ ശാന്തനാക്കി താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെ ഇറങ്ങാം എന്ന് ആദ്യം സമ്മതിച്ച യുവാവ് പെട്ടെന്നുതന്നെ തീരുമാനം മാറ്റി മുകളിലേക്ക് വലിഞ്ഞു കയറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് യുവാവിനെ സമാധാനിപ്പിച്ച് താഴെയിറക്കിയത്.
സംഭവം കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരാവുകയും യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം യുവാവ് ടവറിന്റെ മുകളില്‍ ഇരുന്നു. മദ്യക്കുപ്പി പ്രദേശവാസികള്‍ വാങ്ങി നല്‍കാമെന്നു പഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞില്ല. സംഭവം അറിഞ്ഞ് ഇയാളുടെ അമ്മ വന്നു താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും യുവാവ് കൂടുതല്‍ ഉയരത്തിലേക്ക് കയറുകയാണ് ഉണ്ടായത്