Banner Ads

ശബരിമലയിൽ ഹൈക്കോടതി ഇടപെടൽ; തീർത്ഥാടകരുടെ എണ്ണം 75000 ആയി കുറച്ചു, ഇന്ന് മുതൽ കർശന നിയന്ത്രണം

പത്തനംതിട്ട : മണ്ഡലം-മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി ഭക്തർക്ക് 12 മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ഇന്നലെ (നവംബർ 19) കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെവി ജയകുമാർ) ദേവസ്വം ബോർഡിനോടും അധികൃതരോടും അതൃപ്തി രേഖപ്പെടുത്തി.

ഇന്ന് മുതൽ (നവംബർ 20) പ്രതിദിനം 75000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5000 ആയി ചുരുക്കി. ഇന്നലെ 20000 പേർ വരെ സ്പോട്ട് ബുക്കിംഗ് വഴി മലകയറിയിരുന്നു. വെർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കണം. ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുൻപും 18 മണിക്കൂറിന് ശേഷവുമുള്ള ടിക്കറ്റുകൾ ഇനി അംഗീകരിക്കില്ല. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ല എന്ന് കോടതി ബോർഡിനോട് ചോദിച്ചു.

പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പോലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണം. വരുന്നവരെല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമാണ്. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കൽ പോലീസിന്റെ മാത്രം പണിയല്ല ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നും കോടതി വിമർശിച്ചു.

ഇന്നലെ 80,615 പേരാണ് ദർശനം നടത്തിയത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിലെയും ഉൾക്കൊള്ളാനുള്ള ശേഷി അനുസരിച്ച് ഭക്തരുടെ എണ്ണം നിശ്ചയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ചുമതല നൽകുന്നത് ആലോചിക്കണമെന്നും കോടതി ദേവസ്വം ബോർഡിനെ അറിയിച്ചു.