Banner Ads

പാലിയേക്കര ടോൾ പിരിവ്; ഹൈക്കോടതി വിലക്ക് തുടരും

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി താൽക്കാലികമായി നിർത്തിവെച്ച ഉത്തരവ് തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുരിങ്ങൂരിലെ പോലെ മറ്റ് പലയിടത്തും സർവീസ് റോഡുകൾക്ക് അപകട സാധ്യതയുണ്ടെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ഇത് പരിഗണിച്ചാണ് ഹർജി ഈ മാസം 30-ന് വീണ്ടും പരിഗണിക്കുന്നതുവരെ ടോൾ പിരിവ് പുനരാരംഭിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഒരു മാസം മുൻപ് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ഹൈക്കോടതി പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത്.

കോടതിയുടെ ഈ തീരുമാനം ജനവികാരത്തിനൊപ്പമാണെന്ന് പരാതിക്കാരനായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുകയാണെങ്കിൽ നിലവിലെ നിരക്കിന്റെ 50% മാത്രം ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. സർവീസ് റോഡുകളിലെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണെന്ന് ജില്ലാ കളക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.