
കൊച്ചി : ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിൽ ഏർപ്പെടുത്തിയ ടോൾ പിരിവ് വിലക്ക് ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ പുതിയ റിപ്പോർട്ട് നൽകണമെന്ന് കോടതി കളക്ടറോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.
“ജനങ്ങളെ പരീക്ഷിക്കരുത്, വിഷയത്തെ നിസ്സാരവൽക്കരിക്കരുത്,” എന്നും കോടതി ഓർമ്മിപ്പിച്ചു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് കോടതി മുൻഗണന നൽകുന്നതെന്നും, കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ വിശ്വാസമർപ്പിച്ചാണ് നേരിട്ട് ഇടപെടാതിരുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിനായി കളക്ടർ നൽകിയ 18 നിർദേശങ്ങളിൽ 13 എണ്ണവും തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസ്, ഗതാഗത വകുപ്പ് എന്നിവർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഓൺലൈനായി ഹാജരായ കളക്ടർ കോടതിയെ അറിയിച്ചു. മറ്റ് അഞ്ചിടങ്ങളിൽ പുരോഗതിയുണ്ടെന്നും അറിയിച്ചു.
എന്നാൽ കളക്ടറുടെ ആവശ്യം പരിഗണിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വ്യാഴാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ഓഗസ്റ്റ് ആറ് മുതലാണ് പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചത്.