Banner Ads

സഹായഹസ്തം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി യാത്ര സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി (KSRTC) ബസുകളിൽ സമ്പൂർണ്ണ സൗജന്യ യാത്ര പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിലാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.സൂപ്പർ ഫാസ്റ്റ് ബസുകൾ മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും ഈ സൗജന്യം ലഭിക്കും.ഈ വിഷയം സംബന്ധിച്ച തീരുമാനം കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ എടുത്ത് പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

പ്രഖ്യാപനത്തിനിടെ സഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. “പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ അവർ ഷെയിം ഷെയിം എന്നാണ് പറയുന്നത്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും, പക്ഷേ രോഗികളെ സംബന്ധിച്ചെടുത്തോളം ഇതൊരു വലിയ കാര്യമാണ്,” മന്ത്രി കൂട്ടിച്ചേർത്തു.