
തിരുവനന്തപുരം : കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.