Banner Ads

സംസ്ഥാനത്ത് മഴ കനക്കും; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും ശ്രീലങ്കക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിലും മധ്യ-തെക്കൻ ജില്ലകളിലുമാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത.

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (നവംബർ 17) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ (നവംബർ 18) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച (നവംബർ 19) കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച ശബരിമലയിൽ ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.