
കണ്ണൂർ:ജില്ലയിൽ കനത്തമഴയില്‍ കുതിർന്ന് മലയോര മേഖലയിലെ ഓണം വിപണി. ഇന്ന് പുലർച്ചെ മുതലുണ്ടായ തോരാതെ മഴ മലയോരത്തെ ഓണം വിപണിയെയും പ്രതിസന്ധിയിലാക്കി.ഇരിട്ടി, ശ്രീകണ്ഠാപുരം, ഇരിക്കൂർ, നഗരങ്ങളില്‍ അനുഭവപ്പെടേണ്ട വലിയ തിരക്ക് മഴ കാരണം ഇല്ലാതായി.
പൂക്കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരുമാണ് ഏറെ പ്രതിസന്ധിയിലായത്. ഇതര സംസ്ഥാനത്തു നിന്നും വൻതോതില്‍ പൂവിറക്കി ഓണം വിപണി പൊടിപൊടിക്കാൻ നടത്തിയ ശ്രമത്തെ തകർക്കുന്ന രീതിയിലായിരുന്നു മഴയുടെ കലിതുള്ളല്‍.മഴ നനഞ്ഞ് പൂക്കള്‍ ചീഞ്ഞു പോകാതിരിക്കാൻ കച്ചവടക്കാർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച പൂവുകള്‍ മൂടിയിട്ട് താത്കാലികമായി പൊതിഞ്ഞു .
കനത്ത മഴയില്‍ ഇരിട്ടി നഗരത്തിന്റെ പലഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ തിക്കും തിരക്കും ഗതാഗതകുരുക്കും ഓണം വിപണിയെ ബാധിച്ചു.