
ഭോപ്പാൽ: സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ മൂന്ന് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കളുടെ ക്രൂരത. ഒരു രാത്രി മുഴുവൻ വനത്തിൽ കഴിഞ്ഞിട്ടും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം.സർക്കാർ സ്കൂൾ അധ്യാപകനായ ബബ്ലൂ മണ്ഡാലിയും ഭാര്യ രാജ്‌കുമാരി മണ്ഡേണ്ഡാലിയയും ചേർന്നാണ് നാലാമത്തെ കുഞ്ഞിനെ ചിന്ദ്‌വാരയിലെ നന്ദൻവാഡി വനത്തിൽ ഉപേക്ഷിച്ചത്.
മധ്യപ്രദേശിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലിയിൽ നിയന്ത്രണങ്ങളുണ്ട്. നിലവിൽ മൂന്ന് കുട്ടികളുള്ള ഇവർ, നാലാമത്തെ ഗർഭം മറച്ചുവെക്കുകയായിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.സെപ്റ്റംബർ 23 ന് രാവിലെ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മണിക്കൂറുകൾക്കകം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.പ്രഭാതസവാരിക്കിറങ്ങിയവരാണ് കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തി.
ഗ്രാമവാസികൾ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.കുഞ്ഞിൻ്റെ ശരീരത്തിൽ ഉറുമ്പുകൾ കടിച്ചതിൻ്റെ മുറിവുകൾ ഉണ്ടായിരുന്നു. തണുപ്പുമൂലം ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങളും സ്ഥിരീകരിച്ചു. കുഞ്ഞ് നിലവിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.