
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ വാവർക്ക് നേരെ ഉയർന്ന വിദ്വേഷ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷി നടത്തിയ പ്രസംഗത്തിൽ വാവർ ഒരു തീവ്രവാദിയും മുസ്ലിം ആക്രമണകാരിയാണെന്നും ആരോപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാര കുടുംബാംഗം അഡ്വ. വി.ആർ. അനൂപ് പന്തളം പോലീസിൽ പരാതി നൽകി. വിശ്വാസം വ്രണപ്പെടുത്തുക, മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
“വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല, പൂജിക്കപ്പെടേണ്ടത് വാപുരനാണ്” എന്നിങ്ങനെയായിരുന്നു ശാന്താനന്ദ മഹർഷിയുടെ പ്രസംഗം. വാവർ ചരിത്രം തെറ്റാണെന്നും വാപുരൻ അഥവാ ശിവൻ്റെ ഭൂതം എന്നതാണ് ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരണമെന്നും, അവിടെ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഭക്തർക്ക് ഉണ്ടാകണമെന്നും മഹർഷി പ്രസംഗത്തിൽ ആവശ്യപ്പെട്ടു.ശബരിമലയുടെ ചരിത്രവും ഐതിഹ്യങ്ങളും നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന മതമൈത്രിയുടെ പ്രതീകങ്ങളാണ്. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് തലമുറകളായി കേരളീയ സമൂഹം വിശ്വസിച്ചുപോരുന്നതാണ്.
ഈ വിശ്വാസങ്ങളെയും സാമൂഹിക സൗഹാർദ്ദത്തെയും തകർക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ശാന്താനന്ദ മഹർഷി നടത്തിയത് എന്ന് ആരോപണമുയരുന്നു. ഈ പ്രസംഗം ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിക്കാനും ഹൈന്ദവ വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ശാന്താനന്ദ മഹർഷിയുടെ പ്രസംഗം മതസ്പർധ വളർത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പന്തളം കൊട്ടാര കുടുംബാംഗമായ അഡ്വ. വി.ആർ. അനൂപ് പന്തളം പോലീസിൽ പരാതി നൽകിയത്. കേരളത്തിൽ സമാധാനപരമായി നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ നിയമനടപടി അനിവാര്യമാണെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രസംഗം വിശദമായി പരിശോധിച്ച ശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മതവിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ നേരത്തെ തന്നെ പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്.ബി.ജെ.പി.
മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉദ്ഘാടനം ചെയ്ത ഒരു പരിപാടിയിൽ വെച്ച് ഇത്തരം ഒരു പ്രസംഗം നടന്നത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബി.ജെ.പി. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മതപരമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിൽ എന്ന സംശയവും ഉയരുന്നുണ്ട്.കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നേരെ നടന്ന കടന്നാക്രമണമാണിതെന്ന് പല രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും പ്രതികരിച്ചു.
അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം കേരളത്തിലെ ഹൈന്ദവ-മുസ്ലിം സമൂഹങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായിട്ടാണ് എന്നും കണക്കാക്കപ്പെടുന്നത്. മതനിരപേക്ഷത തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് സാംസ്കാരിക നേതാക്കൾ ആവശ്യപ്പെട്ടു.ശാന്താനന്ദ മഹർഷിയുടെ പ്രസംഗം ഒരു വിഭാഗം അയ്യപ്പ ഭക്തരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
വിശ്വാസത്തിൻ്റെ പേരിൽ നിലനിൽക്കുന്ന ഒരു സൗഹൃദത്തെ തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പല ഭക്തരും അഭിപ്രായപ്പെടുന്നു. വാവർക്ക് ശബരിമലയിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും, ആ വിശ്വാസത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും അവർ പറയുന്നു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് അയ്യപ്പൻ്റെ ആദർശം.
അതിനാൽ, ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ അയ്യപ്പൻ്റെ ആദർശങ്ങൾക്ക് എതിരാണെന്നും ഭക്തർ കൂട്ടിച്ചേർക്കുന്നു.ഈ വിഷയത്തിൽ ശക്തമായ നിയമനടപടികൾ എടുക്കുകയും, ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ തടയുകയും ചെയ്യേണ്ടത് സർക്കാരിൻ്റെയും നിയമപാലകരുടെയും ഉത്തരവാദിത്തമാണ്.
കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ വിഷയത്തിൽ പോലീസ് എടുക്കുന്ന നടപടികൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് പൊതുസമൂഹം.