
പാലക്കാട് : വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ സന്തോഷത്തിൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാടും വിതരണവും നടത്തി കോൺഗ്രസ് പ്രവർത്തകർ. അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി ഡി സതീശന്റെ പേരിൽ (ഉത്രാടം നക്ഷത്രം) പ്രത്യേക കഠിന പായസ വഴിപാട് കഴിച്ചത്.
കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തൊട്ടുമുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് സമർപ്പിച്ചത്. 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യു ഡി എഫ് അധികാരത്തിലേറുമ്പോൾ വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലെത്തുന്നതിന്റെ ആവേശം പങ്കുവെക്കാനാണ് ഈ വഴിപാട് നടത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു.
വഴിപാടിന് പുറമെ പ്രദേശത്തെ അങ്കണവാടികളിലും ഖാദി കേന്ദ്രത്തിലും പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി പ്രവർത്തകർ വിപുലമായ രീതിയിൽ പായസ വിതരണവും നടത്തി വിജയം ആഘോഷമാക്കി.