
പാലക്കാട് : പിഎം ശ്രീ സ്കൂൾ പദ്ധതി വിഷയത്തിലും ബ്രൂവറി വിഷയത്തിലും സിപിഎമ്മിനെയും വി ശിവൻകുട്ടിയെയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. സിപിഎമ്മിന്റെ നിലപാടുകളെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗം.
യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. ആർഎസ്എസിന്റെ അജണ്ടയാണ് പിഎം ശ്രീ എന്ന ഉറച്ച നിലപാടിൽ സിപിഐ നിലകൊണ്ടതുകൊണ്ടാണ് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ സാധിച്ചത്.
സിപിഐ ഇടപെട്ടില്ലായിരുന്നെങ്കിൽ സിപിഎം വിഷയത്തിൽ അടിയറവ് പറയുമായിരുന്നു. ഒടുവിൽ സിപിഐ നിലപാടാണ് ശരിയെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന് പോലും സമ്മതിക്കേണ്ടി വന്നെന്നും സിപിഎമ്മിനെ ശരിയായ പാതയിലേക്ക് നയിച്ച് രക്ഷിച്ചത് സിപിഐ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയായിരുന്നു. എൽഡിഎഫ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ അതിനെ തള്ളിപ്പറഞ്ഞത് താനായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.