
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലെ ക്യൂ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ദർശന സമയം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കണം. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്ന ഭക്തർക്കായി മാത്രം മാറ്റിവെക്കണം.
സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ദർശനത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത അന്തരീക്ഷം ഉറപ്പാക്കാൻ ക്ഷേത്രം അധികൃതർ ശ്രദ്ധിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.