
തിരുവനന്തപുരം : ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയായ മഞ്ഞുമ്മൽ ബോയ്സിലെ യഥാർഥ നായകൻമാരിൽ ഒരാളായ സുഭാഷ് ചന്ദ്രൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഏലൂർ നഗരസഭയിലെ 27-ാം വാർഡിൽ (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാർഥിയായാണ് സുഭാഷിനെ പരിഗണിച്ചിരിക്കുന്നത്.
2006 സെപ്റ്റംബറിൽ കൊടൈക്കനാലിലെ ഗുണ കേവിൽ സുഭാഷിനും സുഹൃത്തുക്കൾക്കും നേരിടേണ്ടി വന്ന അതിജീവന കഥയാണ് 2024ൽ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് ആധാരം. ഗുണ പോയിന്റിലെ 600 അടിയോളം താഴ്ചയുള്ള കൊക്കയിൽ വീണ സുഭാഷ് 87 അടി താഴ്ചയിൽ കുടുങ്ങി.
സുഹൃത്തായ വേലശ്ശേരി സിജു ഡേവിഡ് (കുട്ടൻ) അതിസാഹസികമായി കൊക്കയിൽ ഇറങ്ങി സുഭാഷിനെ രക്ഷിക്കുകയായിരുന്നു. സിനിമയിൽ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിൻ്റേത് സൗബിൻ ഷാഹിറുമാണ് അവതരിപ്പിച്ചത്.
ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തിൽ തിരികെയെത്തിയ സുഭാഷ് കന്നി അങ്കത്തിൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ യുഡിഎഫിന് വേണ്ടി അവിശ്വസനീയമായ വിജയം സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.