
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് ഡൽന മരിയ സാറ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആൻ്റണി, റൂത്ത് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ഡൽന. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിൻ്റെ അമ്മൂമ്മയെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. സംഭവസമയം കുഞ്ഞിൻ്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിലാണ് കിടത്തിയിരുന്നത്.അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം. ഒച്ച കേട്ട് അമ്മ തിരികെ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിൻ്റെ കഴുത്തിൽനിന്ന് ചോര വരുന്നതായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായും ഓവർഡോസ് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം അറിയിച്ചു.രണ്ട് മാസം മുൻപ് സമാനമായി ഓവർഡോസ് മരുന്ന് കഴിച്ച് അമ്മൂമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് മാനസിക പ്രശ്നങ്ങളും സോഡിയം കുറയുന്ന അസുഖവും ഉണ്ടെന്ന് അറിയുന്നു.കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തും.കുഞ്ഞിന്റെ മൃതദേഹം നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.