
കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ‘ഭൗമ’യിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ‘ഈശോ’ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ആദ്യ ഭാഗത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ പ്രേരണയായതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ താരനിർണ്ണയവും മറ്റ് നിർണ്ണായക വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നും പ്രസ് മീറ്റിൽ അറിയിച്ചിട്ടുണ്ട്.