Banner Ads

ആഗോള അയ്യപ്പ സംഗമം: ക്ഷേത്ര വരുമാനം സർക്കാർ എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ക്ഷേത്ര വരുമാനം സർക്കാർ എടുക്കുന്നുവെന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സർക്കാർ ഒരു രൂപപോലും ക്ഷേത്ര വരുമാനത്തിൽ നിന്ന് എടുക്കുന്നില്ലെന്ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുക കൂടി ചെയ്യുന്നുണ്ട്.

തുച്ഛമായ വരുമാനം മാത്രമുള്ള ക്ഷേത്രങ്ങളിൽ പോലും അന്തിത്തിരി തെളിയുന്നതും ജീവനക്കാർക്ക് പട്ടിണി ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നതും അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ശബരിമല മാസ്റ്റർ പ്ലാൻ പ്രവൃത്തികൾക്കായി 2011-12 മുതൽ സർക്കാർ 148.5 കോടി രൂപ ചെലവഴിച്ചു.ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേഔട്ട് പ്ലാനിന് 2020-ൽ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നു ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുന്‍പ് ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എല്ലാംതന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കുകയുണ്ടായി. 2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക എന്നും ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി.