Banner Ads

വിലങ്ങാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണം; ഓണാവധിക്ക് നാട്ടിലെത്തിയ കോടതി ജീവനക്കാരൻ കൊല്ലപ്പെട്ടു

കോഴിക്കോട് : നാദാപുരം വിലങ്ങാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് സ്വദേശി ചന്തുവിന്റെ മകൻ വി സി സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധി ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു.

ഇന്നലെ രാവിലെയാണ് ജനവാസ മേഖലയായ വായാട് തെക്ക് നെല്ലിപ്പുഴ ജോസ്‌ബൈറ്റ് ജേക്കബിന്റെ കൃഷിയിടത്തിന് സമീപം കാട്ടുപോത്ത് എത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാവിലെ 11ഓടെ പോത്തിനെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ സുനിലിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വയറിന് കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ സുനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് സുനിലിന്റെ കുടുംബം.

പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവായിട്ടും വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്ന കാട്ടുപോത്തിനെ ഉടൻ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.