
തിരുവനന്തപുരം : കാട്ടാക്കടയിൽ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം വീട് തകർത്തു തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ അതിക്രമം കാണിച്ചത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ച് വരുന്നത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്രമികൾ വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുമാറ്റി സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും വീടിന് തീവെക്കുകയുമായിരുന്നു. അക്രമത്തിൽ വീടിന്റെ ജനലുകളും ബാത്ത്റൂമും അടിച്ചുതകർക്കപ്പെട്ടിട്ടുണ്ട്.
ആനന്ദിന്റെ സഹോദരീപുത്രനായ അഖിലുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കണ്ടാലറിയാവുന്ന ഗുണ്ടാസംഘത്തിനെതിരെ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.