Banner Ads

നാലാമത്തെ പോക്‌സോ കേസ്; 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ

കാസർകോട് : കാസർകോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്നേഹ മെർലിനെതിരെ ഇതിനുമുമ്പും മൂന്ന് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരി വിൽപ്പന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മയെ കണ്ണൂരിലെ ജയിലിൽ വച്ചാണ് സ്നേഹ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ സ്നേഹ ഒരു വർഷത്തോളം അവിടെ താമസിച്ചിരുന്നു.

അമ്മ വീട്ടിലുള്ളപ്പോൾ പോലും സ്നേഹ തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് ഇരുപത്തിയഞ്ചുകാരിക്കെതിരെ കേസെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് സ്നേഹയ്‌ക്കെതിരെ മൂന്ന് പോക്‌സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 മാർച്ച് 14ന് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു.

സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ പീഡനവിവരം പുറത്തുവരികയുമായിരുന്നു.