Banner Ads

ബാർ അടച്ച ശേഷം മദ്യം ആവശ്യപ്പെട്ടു, നൽകാത്തതിന് ജീവനക്കാരെ മർദിച്ചു; നാലുപേർ അറസ്റ്റിൽ

മാവേലിക്കര:ബാർ അടച്ചശേഷം മദ്യം നൽകാത്തതിന് ജീവനക്കാരെ ആക്രമിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശികളായ അജിൻ, അജയ് ഹരീഷ്, കൊല്ലം തിരുമുല്ലവാരം സ്വദേശി ശ്രീലാൽ, ഭരണിക്കാവ് സ്വദേശി ശ്രീനി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12.15-ഓടെ ഓലകെട്ടിയമ്പലത്തെ ബാറിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ തടഞ്ഞുനിർത്തി. തുടർന്ന് കമ്പിവടി, വടിവാൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കുറത്തികാട് ഇൻസ്‌പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ വി. ഉദയകുമാർ, എ.എസ്.ഐ. രാജേഷ്, സി.പി.ഒ.മാരായ സതീഷ് കുമാർ, വിൻജിത്ത്, ഷിതിൻ രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.