Banner Ads

വന്യജീവി ആക്രമണം തടയാനും ചന്ദനം മുറിക്കാനും; വനം ഭേദഗതി ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു

കൊച്ചി : സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചുവിൽക്കാൻ കർഷകരെ അനുവദിക്കുന്ന ഭേദഗതിയുൾപ്പെടെയുള്ള രണ്ട് സുപ്രധാന ബില്ലുകൾ കേരള നിയമസഭയിൽ അവതരിപ്പിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു ബിൽ ഒരു നിയമസഭയുടെ പരിഗണനയ്ക്ക് വരുന്നത്.

വനം ഭേദഗതി ബിൽ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ എന്നിവയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ സഭയിൽ അവതരിപ്പിച്ചത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനംവകുപ്പ് വഴി മുറിച്ചുവിൽക്കാനും വിൽപ്പനത്തുക കർഷകന് നേരിട്ട് ലഭിക്കാനും പുതിയ ബിൽ ലക്ഷ്യമിടുന്നു. ഇതിനുപുറമെ ജനവാസ മേഖലകളിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള ഭേദഗതിയും ബില്ലിലുണ്ട്.

കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരളം പ്രമേയത്തിലൂടെയും കത്തുകളിലൂടെയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടി വരുമെങ്കിലും നിയമം അവതരിപ്പിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് നിയമവശങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായെന്നും മന്ത്രി വ്യക്തമാക്കി.