Banner Ads

ഉരുൾപൊട്ടലിന് സമാനമായി വെള്ളപ്പാച്ചിൽ; 40 വർഷം പഴക്കമുള്ള ജലസംഭരണി തകർന്നുവീണു

കൊച്ചി : നഗരത്തിലെ പ്രധാന ജലസ്രോതസ്സായ തമ്മനത്തെ ജലസംഭരണ പാളി തകർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള 1.35 കോടി ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. ആലുവയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്ന പ്രധാന ടാങ്കാണിത്. ടാങ്കിന്റെ പാളി തകർന്ന് വെള്ളം കുത്തിയൊലിച്ചതോടെ പ്രദേശത്തെ വീടുകളിലടക്കം വെള്ളം കയറി.

മതിലുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഉരുൾപ്പൊട്ടലിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്. കൊച്ചി കോര്‍പ്പറേഷന്റെ ഡിവിഷന്‍ 45 ലാണ് സംഭരണി സ്ഥിതി ചെയ്യുന്നത്. നാൽപത് വർഷത്തിലേറെ പഴക്കമുള്ള ഈ ടാങ്കിന്റെ തകർച്ച നഗരത്തിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചേക്കും. പ്രത്യേകിച്ചും തൃപ്പൂണിത്തുറ മേഖലയിലെ ജലവിതരണത്തെയാകും തകർച്ച പ്രതികൂലമായി ബാധിക്കുക.