Banner Ads

പ്രളയബാധിതർ ക്യാമ്പിൽ; ചങ്ങനാശ്ശേരിയിൽ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

ചങ്ങനാശ്ശേരി : നാട് മുഴുവൻ പ്രളയദുരിതത്തിൽ കഴിയുമ്പോൾ ചങ്ങനാശ്ശേരിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടി. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവരുടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു.

ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി പത്താം വാർഡിൽ താമസിക്കുന്ന പ്രളയബാധിതരുടെ വൈദ്യുതിയാണ് ജീവനക്കാരെത്തി കട്ട് ചെയ്തത്. ക്യാൻസർ രോഗിയായ ആനന്ദവല്ലിയുടെ വീട്ടിലെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചു.

ആനന്ദവല്ലിയുടെ വീട്ടിലും പ്രളയത്തിൽ വെള്ളം കയറിയതാണ്. നിലവിൽ ഇവർ കുടുംബസമേതം ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും വാർഡ് കൗൺസിലറും എതിർത്തിട്ടും ഉദ്യോഗസ്ഥർ ഫ്യൂസ് ഊരുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ ബീന ആരോപിച്ചു.