Banner Ads

ആന്ധ്രയിലെ തിരുപ്പതിയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് മരണം: 10 പേർക്ക് ഗുരുതര പരുക്ക്

തിരുപ്പതി : ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ സിറ്റി സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ടിഐഎൽ ഹെൽത്ത്‌കെയർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാൻ്റിലാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ ഒന്നാം ഷിഫ്റ്റിലെ ജോലികൾ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. അപകടത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും പ്രദേശം മുഴുവൻ പുക കൊണ്ടു മൂടുകയും ചെയ്തു.

വിവരമറിഞ്ഞ ഉടൻ തന്നെ ശ്രീ സിറ്റി പൊലീസും അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ പൊലീസും ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ അധികൃതർ പരിശോധിച്ച് വരികയാണ്.

അപകടത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.