Banner Ads

പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ; ഭരണപരമായ 40 അജണ്ടകൾ പരിഗണിക്കും

കൊച്ചി : പുനസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബോർഡ് ചെയർമാൻ എം സി മായിൻ ഹാജിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സർക്കാർ പുതുതായി നാമനിർദേശം ചെയ്ത ഒൻപത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. മുൻ ചെയർമാൻ കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡ് മുൻപ് നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് ചേരുന്നത്.

ഭരണപരമായ 40 പ്രധാന അജണ്ടകളാണ് ഇന്നത്തെ യോഗത്തിന്റെ പരിഗണനയിലുള്ളത്. അതേസമയം വഖഫ് ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സമസ്തയിലെ ഇരുവിഭാഗങ്ങൾക്കുമുള്ള അതൃപ്തി പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. എ പി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അത് ഏത് രീതിയിൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.