Banner Ads

സാമ്പത്തിക തർക്കം; ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, ബന്ധു കസ്റ്റഡിയിൽ

ഇടുക്കി : നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലായത്. സുകുമാരന്റെ അച്ഛന്റെ പെങ്ങളാണ് തങ്കമ്മ.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിന്റെ പേരിൽ തങ്കമ്മ നേരത്തെ സുകുമാരനെതിരെ പോലീസ് സ്റ്റേഷനിൽ കേസും നൽകിയിരുന്നു. 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്.

ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ പൊള്ളലേറ്റ തങ്കമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.