Banner Ads

പുനലൂർ താലൂക്ക് ആശുപത്രിയിൽ പതിനഞ്ചുകാരനു ക്രൂര മർദ്ദനം; രണ്ടാനച്ഛൻ പോലീസ് കസ്റ്റഡിയിൽ

പുനലൂർ : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പതിനഞ്ചുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കാലിന് പരിക്കേറ്റ് ചികിത്സ തേടിയാണ് വീട്ടമ്മ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു മകൻ.

അമ്മയ്ക്ക് ചായ വാങ്ങാനായി വാർഡിന് പുറത്തിറങ്ങിയ സമയത്താണ് അവിടെയെത്തിയ രണ്ടാനച്ഛൻ കുട്ടിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുമ്പും പലതവണ പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിട്ടുള്ളതായി അമ്മ പോലീസിനോട് പറഞ്ഞു. കഴുത്തിൽ കത്തിവെച്ച് കുട്ടിയെ കൊല്ലുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയൽ വീട്ടിൽ ആയിരുന്നു താമസിക്കുന്നത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.